HISTORY
മലപ്പുറം ഏറനാട്ടെ 'കുനിയില്‍' എന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തിലെ മനുഷ്യസ്നേഹികളായ ഒരു പറ്റം സുമനസ്സുകളുടെ ചിന്തയില്‍ നിന്നുയര്‍ന്നു വന്ന ആതുര-സാമൂഹ്യ സേവന കൂട്ടായ്മയുടെ നാമധേയമാണ് 'കനിവ്'.
പ്രദേശത്ത് മത,രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ-നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ പങ്കാളിത്തത്തില്‍ മികച്ചു നില്‍ക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സ് കൊണ്ടും കര്‍മം കൊണ്ടും പിന്തുണ നല്കിക്കൊണ്ടു തന്നെ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ-സാമ്പത്തിക പ്രയാസങ്ങളില്‍ ആശ്വാസമേകുന്ന രീതിയില്‍ ഒരു സുഹൃത്തിനെപോലെ ഇടപെടുക എന്ന ആഗ്രഹത്തിന്മേലുള്ള ചര്‍ച്ചാ തീരുമാനമായാണ് 'കനിവ്' 2012-ല്‍ രൂപം കൊള്ളുന്നത്.
മത, രാഷ്ട്രീയ, ചിന്തകള്‍ക്കതീതമായി പ്രയാസം അനുഭവിക്കുവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണ, ചികിത്സാ, പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിന് ഊന്നല്‍ നല്‍കുക എന്നതാണ് കനിവിന്‍റെ ലക്ഷ്യം. പബ്ലിസിറ്റി ഒട്ടും തന്നെ ലാക്കാക്കാതെ സേവനനിരതരാവുക എന്നത് കര്‍മ്മ മാര്‍ഗവും.
സേവന പാതയില്‍ 8 വര്‍ഷങ്ങള്‍ക്കിപ്പുറം കനിവ് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കുനിയില്‍ മാത്രമൊതുങ്ങാതെ അയല്‍ പ്രദേശങ്ങളിലെ കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്കും ആവശ്യമായ മുഴുവന്‍ മെഡിക്കല്‍ സൗകര്യങ്ങളും ഇന്ന് നന്മ നിറഞ്ഞ മനസ്സുകളുടെ പ്രവര്‍ത്തന ഫലമായി കനിവില്‍ ലഭ്യമാണ്.